Downloads | Careers | Contact Us

0091-483-2700261

info@edavannabank.com

About Seethi Haji

കേരളത്തിന്‍റെ ഏതു മുക്കിലും മൂലയിലും പ്രായഭേദമന്യേ ഏവര്‍ക്കും സുപരിചിതമായ ഒരു പേരാണ് സീതിഹാജിയുടേത്. ഇന്നും ഏതൊരു എടവണ്ണക്കാരന്‍റെയും സ്വകാര്യ അഭിമാനമാണ് സീതിഹാജി. എടവണ്ണ എന്തൊക്കെ നേടിയിട്ടുണ്ടോ ആ നേട്ടങ്ങളുടെയൊക്കെ പിറകില്‍ ഈ മഹാനായ മനുഷ്യന്‍റെ കരങ്ങള്‍ ഉണ്ടായിരുന്നു എന്ന്‍ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.

1932 ആഗസ്റ്റ്‌ 16നു പത്തായക്കോടന്‍ കോയാ ഉമ്മറിന്‍റെയും പുളിക്കല്‍ പാത്തുമ്മയുടെയും മകനായി എടവണ്ണയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പത്തായക്കോടന്‍ സീതിക്കോയ കേരളമാകെ അറിയപ്പെടുന്ന സീതിഹാജിയായി മാറിയതിനു പിന്നില്‍ കടിനാധ്വാനത്തിന്‍റെയും അര്‍പ്പണ മനോഭാവത്തിന്‍റെയും ത്രസിപ്പിക്കുന്ന കഥകളുണ്ട്.

ചാലിയാറിലൂടെ മരങ്ങള്‍ കൂട്ടിക്കെട്ടി തിരപ്പനുണ്ടാക്കി നിലമ്പൂരില്‍ നിന്ന് കോഴിക്കോട് കല്ലായിലേക്ക് മരങ്ങള്‍ എത്തിച്ചുകൊണ്ടാ ണ് അധ്വാന ശീലനായ സീതിക്കോയയുടെ ജീവിതം ആരംഭിക്കുന്നത്. തന്‍റെ അധ്വാനത്തിന്‍റെ ഫലമായി പിന്നീട് അറിയപ്പെടുന്ന മരവ്യവസായി ആയി മാറാന്‍ അദ്ദേഹത്തിനായത് അഹോരാത്രമുള്ള കടിനാധ്വാനത്തിന്‍റെ ഫലമാണ്.

ചെറുപ്രായത്തിലെ ആരംഭിച്ച രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയത്തിലെ അതികായനും മുന്നണി ബന്ധങ്ങളുടെ അംബാസിഡറുമായപ്പോളും സ്വന്തം നാടിനോടുള്ള അടങ്ങാത്ത സ്നേഹം സീതിഹാജി എന്ന മനുഷ്യ സ്നേഹി തന്‍റെ മനസ്സില്‍ നിലനിര്‍ത്തി. നിഷ്കളങ്കവും ധീരവുമായ നീക്കങ്ങളിലൂടെ സീതിഹാജി കേരള രാഷ്ട്രീയത്തില്‍ സ്വന്തമായൊരു ഇടം സൃഷ്ടിച്ചു. എടവണ്ണയുടെ വികസന കാര്യങ്ങളില്‍ അദ്ദേഹം ഒരിക്കലും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലായിരുന്നു. ഇത് കൊണ്ടു തന്നെയായിരിക്കണം ഏതൊരു എടവണ്ണക്കാരനും അദ്ദേഹത്തെ സ്നേഹതോടെ ഇന്നും സ്മരിക്കുന്നതും തങ്ങളുടെ സ്വകാര്യ അഭിമാനമായി നെഞ്ചിലേറ്റി നടക്കുന്നതും.

വിദ്യാഭ്യാസത്തിലൂടെയെ സമൂഹത്തിന്ന്‍ ഉന്നമനം സാധ്യമാകൂ എന്ന്‍ മനസ്സിലാക്കിയ സീതിഹാജി എന്ന ദീര്‍ഘവീക്ഷണമുള്ള മഹാന്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസമേഖലക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എടവണ്ണ ഐ.ഓ.എച്.എസിന്‍റെ തുടക്കം മുതല്‍ സജീവ സാന്നിധ്യമായിരുന്നു സീതിഹാജി. പിന്നീട് ഈ വിദ്യാലയം ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തുന്നതിലും അഹോരാത്രം പ്രവര്‍ത്തിച്ചു. ഏറനാട് മുസ്ലീം എഡുക്കേഷന്‍ അക്കാദമിയുടെ കീഴില്‍ കൊണ്ടോട്ടിയില്‍ ആരംഭിച്ച ഇ.എം.ഇ.എ കോളേജ്, എടവണ്ണ ജാമിഅ: നദ്വിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജ്മെന്‍റ് കമ്മിറ്റിയിലെ അംഗമായിരുന്നു അദ്ദേഹം.

അനിതരസാധാരണമായ കോമണ്‍ സെന്‍സും നര്‍മബോധവും അദ്ദേഹത്തെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കി. ഉരുളക്കുപ്പേരി പോലെയുള്ള മറുപടി കൊടുക്കുവാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് രാഷ്ട്രീയ കേരളത്തിന്‌ സുപരിചിതമാണ്. തമാശകള്‍ പറയുവാനും അത് നന്നായി ആസ്വദിക്കുവാനുമുള്ള അദ്ദേഹത്തിന്‍റെ കഴിവ് മറ്റൊരു പ്രതിച്ഛായ നല്‍കി. ആബാലവൃദ്ധം ജനങ്ങള്‍ സീതിഹാജി കഥകള്‍ പറഞ്ഞു പ്രചരിപ്പിച്ചു.

എടവണ്ണക്കാര്‍ക്ക് സീതി ഹാജി എന്നാല്‍ തമാശകഥയിലെ നായകന്‍ മാത്രമല്ല. പിറന്ന നാടിന്‍റെ വികസന നായകനാണ് അദ്ദേഹം. ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ എടവണ്ണകാരുടെ അത്താണിയായി അദ്ദേഹം മാറി. മാരക രോഗത്തിനടിപ്പെട്ട് മരണത്ത മുഖാമുഖം കണ്ട സന്ദര്‍ഭത്തിലും എടവണ്ണക്കാരന്‍റെ സ്വപ്നത്തിനു ചിറക് മുളപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നത് അഭിമാനാര്‍ഹമായ ഒരു നേട്ടമാണ്. അങ്ങനെയാണ് എടവണ്ണക്കടവ് പാലം എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചത്. അദ്ദേഹതോടുള്ള ബഹുമാന സൂചകമായി ഈ പാലത്തിനു മരണാനന്തരം അദ്ദേഹത്തിന്‍റെ പേര് നല്‍കി. സീതി ഹാജി പാലം, സീതിഹാജി സ്റ്റേഡിയം, സീതിഹാജി സ്കൂള്‍ , സീതിഹാജി സൗധം എന്നിങ്ങനെ എടവണ്ണയില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. ഇതിലെല്ലാമുപരി ജനഹൃദയങ്ങളില്‍ ഇന്നും എടവണ്ണകാരുടെ പ്രിയ നേതാവായി അദ്ദേഹം ഇന്നും ജീവിക്കുന്നു.